Home മലയാളം അക്കങ്ങളടയിരിക്കും ചതുരക്കളങ്ങൾ മാത്രമോ കലണ്ടർ.

അക്കങ്ങളടയിരിക്കും
ചതുരക്കളങ്ങൾ മാത്രമോ കലണ്ടർ.

305
0

കെ എം സന്തോഷ്കുമാർ




        ചുവരിൽ പുതിയൊരു കലണ്ടർ കൂടി തൂക്കുന്നു. ഒരാണ്ട് മുഴുവൻ ആണിയിൽ തൂങ്ങിയാടിക്കിടന്ന് , വിശേഷപ്പെട്ടതേതും മറക്കാനരുതാത്തതെന്തും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്ന പഴയ കലണ്ടർ നിറം മങ്ങി മറവിയിലേയ്ക്ക് … ഋതുഭേദങ്ങളും ജന്മനക്ഷത്രവും മുഹൂർത്തവും അവധിയും ആഘോഷങ്ങളും രാഹുകാലവും നമസ്കാര സമയവുമെല്ലാം
ആറു പുറങ്ങളുള്ള ഈ മുന്നു പായക്കടലാസിലായിരുന്നു.
വരും നാളുകളുടെ വർണ്ണക്കലണ്ടർ മുന്നിലിടം നേടുമ്പോഴും വലിച്ചെറിയാനരുതാത്തൊരു ആത്മബന്ധത്തോടെ
പഴയ കലണ്ടർ പുതിയതിന് കീഴെ എന്തിനോ സൂക്ഷിക്കുന്നു.
ഇന്നിൽ നിന്ന് നാളെയിലേയ്ക്കുള്ള ഓട്ടപ്പാച്ചിലിനിടയിൽ തിരിഞ്ഞു നോട്ടം എന്നത് പ്രായോഗികതക്ക് നിരക്കാത്തതും പുതു ജീവിത രീതിക്കനുയോജ്യമല്ലാത്തതുമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന കാലത്ത് , റദ്ദു ചെയ്യപ്പെട്ട കരാർ പത്രം പോലെ അത് കുറച്ചു നാളുകൾ കൂടി അവിടെയുണ്ടായേക്കാം. പിന്നെ പൊട്ടിവീണു പോയേക്കാം , ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയപ്പെട്ടേക്കാം.


   കടന്നുപോകുന്ന ഓരോ വർഷവും വിലയിരുത്തപ്പെടേണ്ടത് എങ്ങനെയായിരിക്കണം ?
വ്യക്തിഗതമായ അനുഭവമുദ്രകളിലൂടെയോ, ലാഭ നഷ്ടങ്ങളുടെ ബാലൻസ് ഷീറ്റുകളിലൂടെയോ, ചരിത്ര പ്രാധാന്യമാർജ്ജിച്ച സംഭവങ്ങളാലോ, വിപണി വിജയം നേടിയ ഉല്പന്നങ്ങളാലോ, ഡിജിറ്റൽ മേഖലയിൽ വൈറലായ റീൽസുകളിലൂടെയോ, ഉള്ളുലച്ച ദുരന്തങ്ങളാലോ , കലാ-സാഹിത്യ – ചലച്ചിത്ര – മേഖലകളിലെ തരംഗ സൃഷ്ടികളായിത്തീർന്ന സംഗതികളാലോ,
അധികാര രാഷ്ട്രീയ വിജയ-പരാജയങ്ങളുടെ ഗ്രാഫുകളാലോ ആണോ ….
സാമൂഹ്യ നന്മ -തിന്മകളുടെ പരിശോധനകളിലൂടെയോ , വികസന
മഹാവിജയങ്ങളുടെ കിരീടത്തിന്റെ പേരിലോ
പരാജയത്തിന്റെ , തിരസ്ക്കാരത്തിന്റെ അപമാനത്തിന്റെ പേരിലോ ….?
വികസനമെന്ന കുതിക്കലിന്റെ പേരിലോ
വിനാശത്തെക്കുറിച്ചുള്ള വിപത് സന്ദേശങ്ങളുടെ പേരിലോ ?…..
ആ വിധ കണക്കെടുപ്പുകളിലെ വി ടെങ്കിലും ,
മാനവിക ഐക്യത്തിന്റെ ,
അപര വിദ്വേഷവിരുദ്ധമായ സഹജീവി സ്നേഹത്തിന്റെ ,
ഞാനും നീയും എന്നതല്ലാത്ത
ഞങ്ങളും നിങ്ങളുമല്ലാത്ത

നമ്മൾ …
നമ്മളെന്ന ഏകാത്മകതയുടെ ലയനസംഗീതം കേൾക്കുന്നുണ്ടോ ?…

   കടന്നുപോകുന്ന ഓരോ ദിനവും വർഷവും
നമ്മളെ , വിഭിന്ന മത- ജാതി – വർണ്ണ – സംസ്ക്കാരമുള്ള, വ്യത്യസ്ത അഭിരുചികളുള്ള,
എന്നാൽ  ഒരേ മണ്ണിൽ കാൽ ചവുട്ടി നിന്ന് ഒരേ വായു ശ്വസിച്ച്, ഒരേ ചുറ്റുപാടുകളിൽ ജീവിക്കുന്ന,
നമ്മെളെന്ന മനുഷ്യരെ എത്രമേൽ ആത്മ സൗഹൃദത്തിലാക്കി എന്ന തല്ലേ നമ്മളെയും നാം ജീവിക്കുന്ന  കാലത്തേയും വിലയിരുത്താനുള്ള മാപിനിയാക്കേണ്ടത് ….

അതേ … മനുഷ്യ പക്ഷത്ത് നിൽക്കുക …..
മാനവിക നീതിയുടെ കാവലാളുക….
സ്നേഹത്തിന്റെ പതാകവാഹകരാവുക.

അപര വിദ്വേഷത്തിന്റെ വിഷക്കാറ്റ് സൃഷ്ടിക്കുന്നവരോട് അകലം പാലിക്കുക..
അധികാരത്തിന്റെ അപ്രമാദിത്തത്താൽ
അന്യനാക്കാൻ ആക്രോശിക്കുന്ന സമനീതി മറന്ന പ്രജാപതിമാരോട്  അരുതെന്ന് വിലക്കാൻ
ആർജ്ജവമുള്ളവരാകുക..


  ഒരേ രക്തമാണ് നാമെല്ലാവരുമെന്ന പ്രകൃതി സത്യത്തിന്റെ പൊരുളറിയുന്നവരാകുക…
സഹജാതർ തൻ മൊഴി സംഗീതമായില്ലെങ്കിലും
തൻ മൊഴി തന്നെയെന്നറിയുന്നവരാകുക..
  
അങ്ങനെയാവാൻ  നാം ഓരോരുത്തർക്കും എത്രമാത്രം  കഴിഞ്ഞു , പിഴവുണ്ടായോ എന്നതാകണം കടന്നുപോയ വർഷത്തെ വിലയിരുത്താൻ മാനദണ്ഡമാകേണ്ടത്.

പുലർന്ന  വർഷത്തിൽ മനുഷ്യരെന്നർത്ഥത്തിൽ നാമോരോരുത്തരും എന്താകണം എന്നത് നിശ്ചയപ്പെടുത്തേണ്ടതും.
  നമുക്കത് കഴിയും.
  വിഭിന്നതകളുടേയും വൈജാത്യങ്ങളുടേയും
വൈവിദ്ധ്യ ജീവിത – വീക്ഷണങ്ങളുടേയും
സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്കിടയിൽ നമുക്കെല്ലാവർക്കും കഴിയും  സഹജ സ്നേഹത്തിൻ അതിരില്ലാ ഭൂതലം സൃഷ്ടിക്കാൻ ..
പലമയിൽ ഒരുമയൊരുക്കാൻ ..


  രണ്ടായിരത്തി ഇരുപത്തിയഞ്ചിന്റെ കളം തിരിക്കപ്പെട്ട കലണ്ടറിൽ ,
  എല്ലാ ചതുര കളങ്ങൾക്കും , സുനിശ്ചിത അതിരുകൾക്കുമപ്പുറത്തേക്ക് …
പല പല വർണ്ണ  മഷിക്കുപ്പികൾ മറിഞ്ഞൊന്നായി യൊഴുകും പോൽ ഒരു ഒറ്റ നിറക്കൂട്ടൊഴുകും …
ആ പ്രവാഹത്തിൽ നിന്ന് ഒരു നിറത്തേയും വേർതിരിച്ചറിയാനാവില്ല. പല പല നിറങ്ങൾ ചേർന്നൊന്നായി , ഒന്നിലൊന്ന് ലീനമായി,
ഒന്നായിരിക്കേ പലതായ,
പലതായിരിക്കേ ഒന്നായ
ഒരു മാനവിക മഹേന്ദ്രജാലം..
ആ വർണ്ണ വൈവിധ്യങ്ങളൊന്നു ചേർന്നൊന്നായി ചമയ്ക്കും ഒരു പുതു കലണ്ടർ.

  മനുഷ്യർക്കിടയിൽ അകലവും അപരത്വവും  തീർക്കുന്ന അതിർ വരകൾ മാഞ്ഞു പോകുന്ന
ഒരു മാനവിക കലണ്ടർ.

LEAVE A REPLY

Please enter your comment!
Please enter your name here