ദില്ലി : അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലര്‍ച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമര്‍പ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.
വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്‌കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്നലെ രാത്രി ദില്ലിയിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു മന്‍മോഹന്‍ സിങ്. ഉടന്‍ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.
ഭരണഘടനയോടുള്ള കൂറ് എക്കാലത്തും കാത്തുസൂക്ഷിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍, മന്‍മോഹനെ അനുശോചിച്ച് മുഖ്യമന്ത്രി
അനുശോചിച്ച് നേതാക്കള്‍
ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിപുലമായ ശ്രമങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്ന നേതാവിനെയാണ് നഷ്ടപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അനുസ്മരിച്ചു. അഴിമതിയുടെ കറപുരളാത്ത ഭരണാധികാരിയായിരുന്നു മന്‍മോഹന്‍ സിങെന്ന് രമേശ് ചെന്നിത്തല ഓര്‍മ്മിച്ചു.
നിലപാടുകളില്‍ കരുത്തുകാട്ടിയ സൗമ്യനായ പ്രധാനമന്ത്രി പ്രധാന മന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരിച്ചു.