കെ എം സന്തോഷ് കുമാർ.
മൻമോഹൻ സിംഗ് ഓർമ്മയാകുമ്പോൾ ഇൻഡ്യൻ രാഷ്ട്രീയ കാലാവസ്ഥയിൽ എന്തെന്ത് ചുഴലികൾ സൃഷ്ടിച്ച വ്യക്തിത്വമാണ് മൺ മറയുന്നത് എന്നാലോചിക്കേണ്ട സന്ദർഭം കൂടിയാണ്. ഇന്നു നാം അനുഭവിക്കുന്ന പുതിയ ഇൻഡ്യൻ ജീവിതാനുഭവങ്ങളുടെ സ്രഷ്ടാവ് ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ .
അത് ഒരു ഘട്ടത്തിലും കേവല രാഷ്ട്രീയക്കാരനല്ലാതിരുന്ന , ഒരു മുൻലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ,
അതിനു മുൻപ് ഇൻഡ്യൻ ജനതയ്ക്ക് പരിചയങ്ങളേതുമില്ലാതിരുന്ന, മൻമോഹൻ സിംഗ് എന്ന സാമ്പത്തിക ശാസ്ത്രഞ്ജനെന്നാണ്.
ആഗോള സാമ്പത്തിക പരിഷ്ക്കാരങ്ങളോട് വികസ്വര ഇൻഡ്യയുടെ വിശാല പിന്നാക്ക ജീവിതാവസ്ഥയെ ചേർത്തു നിർത്തി
ഒരു ഉടച്ചുവാർക്കലിന് വിധേയനാക്കിയത് മൻമോഹൻ സിംഗ് ആയിരുന്നു.
അന്നു മിന്നും ഏറെ വിവാദങ്ങൾക്കും കർക്കശമായ രാഷ്ട്രീയ വിചാരണകൾക്കും വിധേയമാക്കപ്പെട്ട ആഗോളീകരണ സാമ്പത്തിക നയങ്ങങ്ങളുടെ ആവിഷ്ക്കർത്താവും പ്രയോക്താവും മിതഭാഷിയായ ഈ മനുഷ്യനായിരുന്നു.
L P G എന്ന ചുരുക്ക പേരിലറിയപ്പെട്ട ലിബറൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ലോബലൈസേഷൻ എന്ന നവ സാമ്പത്തിക ക്രമത്തിന്റെ ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു.
വിപണിയുടെ സമ്പദ് ശാസ്ത്രം, മത്സരാധിഷ്ഠിത , സാമ്രാജ്യത്വ കോർപ്പറേറ്റ് മൂലധനാധിപത്യത്തിന്റെ വിഭവക്കൊള്ളയുടെ വിചാരിപ്പുകാരൻ ,
വൈദേശിക കുത്തകകൾക്കായി ഇൻഡ്യൻ വാതിലുകൾ മലർക്കെ തുറന്നു കൊടുത്തയാൾ,
അങ്ങനെയങ്ങനെ വിമർശന ശരമുനകളേറെയായിരുന്നു ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിനെതിരെ ഉയർന്നു വന്നത്.
അമേരിക്കനാധിപത്യത്തിന് വഴിയൊരുക്കുന്ന നവലോകക്രമത്തിന്റെ ഉപാസകനായാണ് വിമർശകർ മൻമോഹൻ സിംഗിനെ വിലയിരുത്തിയതും വിചാരണ ചെയ്തതും.
എന്നാൽ എല്ലാത്തരം രാഷ്ട്രീയ വിമർശങ്ങളോടും നിർമ്മമമായ മൗനമായിരുന്നു അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളത്.
അങ്ങേയറ്റം പിന്നണിയിലായിരുന്ന ഇൻഡ്യൻ ജീവിതാവസ്ഥയെ ഗുണാത്മകമായി മാറ്റിയെടുക്കാൻ സ്വന്തം സാമ്പത്തിക – രാഷ്ട്രീയ വീക്ഷണത്തിന്റെ ദിശാബോധം മാത്രമായിരുന്നു ആ തലപ്പാവുകാരനെ നയിച്ചിരുന്നത്.
ആരവങ്ങളും ആർഭാടങ്ങളും പ്രകടനപരതയും നിറഞ്ഞ , അധികാര രാഷ്ട്രീയത്തിന്റെ അരങ്ങുകളിലൊന്നും ഈ മനുഷ്യനെ , ധനകാര്യ മന്ത്രിയെ,
പ്രധാനമന്ത്രിയെ
സമ്പദ് ശാസ്ത്രഞ്ജനെ നാം കണ്ടില്ല.
നമ്മളാ വികസനവാദിയുടെ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞത് ,
ആധുനിക ജീവിത സാഹചര്യങ്ങളുടെ ഗുണഭോക്താക്കളായി ക്കൊണ്ടായിരുന്നു.
നാഴൂരിക്കഞ്ഞിയുടെ അരവയറിൽ നിന്ന് നിറവയറിന്റെ സംതൃപ്തിയായി ,
ബാങ്ക് ലോണുകളായി,
സംരഭങ്ങൾക്ക് പ്രചോദനമായി,
മൊബൈൽ ഫോണുകളായി, കംപ്യൂട്ടറുകളായി,
വിശാല നിരത്തുകളായി,
വ്യാപാര – വ്യവസായ കുതിച്ചുചാട്ടങ്ങളായി ,
അഭ്യസ്തവിദ്യരുടെ തൊഴിൽ ലഭ്യതകളായി,
കാർഷിക സബ്സിഡികളായി,
അങ്ങനെയങ്ങനെ പലതുമായി….
വിയോജിപ്പുകളും വിമർശനങ്ങളുമാകാം.
വിരുദ്ധമായ രാഷ്ട്രീയ സാമ്പത്തിക വികസന നിലപാടിന്റേയും ദേശീയ – സാർവ്വദേശീയ ചലനങ്ങളോടുള്ള
വ്യതിരിക്ത നിലപാടുകളുടേയും പേരിൽ ,
ഉള്ളവനും ഇല്ലാത്തവനും തമ്മിലുണ്ടാക്കുന്ന വലിയ അന്തരത്തിനാധാരമായ നയങ്ങളെ പ്രതി ,
കോർപ്പറേറ്റുകൾ ഊറ്റിയെടുക്കുന്ന സമ്പത്തിനെയും
ഏതാനും കുത്തകകളുടെ നിലയില്ലാത്ത വളർച്ചയ്ക്കിടയാക്കിയ സംഗതികളെക്കുറിച്ച് ,
ഗുണാത്മക – ക്രിയാത്മക സംവാദങ്ങൾ ഇനിയും തുടരാവുന്നതാണ്.
പക്ഷേ ലോകത്തിനു മുൻപിൻ തലയുയർത്തി നിൽക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ ഈ മനുഷ്യനെ സ്പർശിക്കാതെ
നമുക്ക് ആധുനിക ഇൻഡ്യയെക്കുറിച്ച് പറയാനാവില്ല.
വ്യാജ വ്യാമോഹങ്ങൾ ചമയ്ക്കുന്ന
സാധാരണ ഇൻഡ്യൻ ഗ്രാമ്യ മനുഷ്യരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാത്ത ,
ഇന്ദ്രപ്രസ്ഥത്തിലെ സ്ഥിരം പ്രജാപതി വേഷക്കാരിൽ നിന്ന് മൻമോഹൻ സിംഗിനെ വ്യത്യസ്തനാക്കുന്നത്
വീക്ഷണ വ്യക്തതയും ദൃഢതയുമുള്ള
ആ അർത്ഥ സാന്ദ്രമൗനം തന്നെയാണ്.
മറ്റെല്ലാറ്റിനും കാലമല്ലേ ഉത്തരം നല്കേണ്ടത്.