2 ജനുവരി 2025
മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻനായർ ബാംഗ്ലൂരിൽ വെച്ചു അന്തരിച്ചു.
ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. പിന്നീട് മലയാളം വാരികയിലെത്തി. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിൽ ജയചന്ദ്രൻ നായർ മുൻനിരയിലായിരുന്നു. 2012 ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ ‘എന്റെ പ്രദക്ഷിണ വഴികൾ’ എന്ന പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്.
മലയാളരാജ്യം, കലാകൗമുദി, സമകാലിക മലയാളം വാരിക എന്നിവയുടെ പത്രാധിപരായിരുന്നു. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിർമ്മാണവും നിർവഹിച്ചു.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന് പ്രഭാവർമ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സിപിഎമ്മിനെ ന്യായീകരിച്ചെന്ന കാരണത്താൽ ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ പ്രഭാവർമയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രൻ നായരുടെ ഇടപെടലോടെ പ്രസിദ്ധീകരണം നിർത്തി വച്ചു. ഇതിനെത്തുടർന്ന മാനെജ്മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം 2012ൽ മലയാളം വാരികയുടെ പത്രാധിപർ സ്ഥാനത്തുനിന്നും ഇദ്ദേഹം രാജി വച്ചിരുന്നു. വാരിക പ്രസിദ്ധീകരണം തുടങ്ങിയതുമുതൽ 15 വർഷമായി ജയചന്ദ്രൻ നായരായിരുന്നു എഡിറ്റർ.
എന്റെ പ്രദക്ഷിണ വഴികൾ, റോസാദലങ്ങൾ
പുഴകളും കടലും എന്നിവയാണ് പ്രധാനകൃതികൾ.
കെ എം അന്ത്രു ഫൗണ്ടഷൻ ചെയർമാനും, Litterateur Redefining World പത്രാധിപരുമായ ഷാജിൽ അന്ത്രു അനുശോചനം രേഖപെടുത്തി.